മത്സ്യാ
യഥാന്തഃ സലിലേ ചരന്തോ
ജ്ഞാതും ന
ശക്യാഃ സലിലം പിബന്തഃ।
യുക്താസ്തഥാ
കാര്യവിധൌ നിയുക്താഃ
ജ്ഞാതും ന
ശക്യാഃ ധനമാദദാനാഃ॥
ചാണക്യകൃതേ അര്‍ഥശാസ്ത്രേ
൨-൧൦-൩൭
അഴിമതി എന്ന പ്രതിഭാസത്തിന്‍റെ രീതിശാസ്ത്രം ഏറെ
ലളിതമായ വിധത്തില്‍ വിവരിക്കുകയാണ് ആചാര്യ
ചാണക്യന്‍ തന്‍റെ ഉല്‍കൃഷ്ട കൃതിയായ അര്‍ത്ഥശാസ്ത്രത്തില്‍. ഈ ലോകത്ത് ജന്മമെടുത്ത ധിഷണാശാലികളില്‍ പ്രഥമഗണനീയനും സാമ്പത്തിക
ശാസ്ത്രത്തില്‍ വിശാരദനും ആണ്‍ ചാണക്യന്‍.
ശ്ലോകത്തിന്‍റെ
അര്‍ത്ഥം
ജലത്തില്‍
നീന്തി നടക്കുന്ന മത്സ്യം ആ ജലം
കുറേശ്ശയായി കുടിച്ചു തീര്‍ക്കുന്നുണ്ടോ
എന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാത്തതുപോലെ
ഒരു
രാഷ്ട്രത്തിന്‍റെ സമ്പത്തും വിഭവങ്ങളും
കൈകാര്യം ചെയ്യാന്‍ നിയമിക്കപ്പെടുകയും ആ
സമ്പത്ത് എന്നും കൈകാര്യം ചെയ്യുകയും
ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ അതില്‍ നിന്ന് വഴിവിട്ട മാര്‍ഗത്തില്‍ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ചോര്‍ത്തിയെടുത്ത് ദുരുപയോഗം
ചെയ്യുന്നുണ്ടോ എന്ന കാര്യം കൃത്യമായി പരിശോധിച്ച് തിരിച്ചറിയുക എന്ന കാര്യം മിക്കവാറും
അസാധ്യമാണ്.
ഈ ചാണക്യ
വചനത്തില്‍ നിന്ന് ഏറെ പ്രസക്തങ്ങളായ
ഒത്തിരി നിഗമനങ്ങള്‍ ഉരുത്തിരിയും.
ഒന്നാമതായി
രാജ്യത്തിന്‍റെ ഭരണം നിയന്ത്രിക്കുന്ന
വ്യക്തി എപ്പോഴും ഏറെ ജാഗരൂകന്‍
ആയിരിക്കണം. പൊതു ഖജാനാവിലെ പണം കൈകാര്യം
ചെയ്യാന്‍ അധികാരം കൈവന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പണം വഴിവിട്ട് ചിലവഴിക്കാനും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനും ഉള്ള പ്രലോഭനം ഉണ്ടാവാനുള്ള സാധ്യത
ഏറെയാണ്. പൊതുസ്വത്ത്, സ്വകാര്യ സ്വത്ത്, പൊതുവായ കാര്യങ്ങള്‍ക്കായുള്ള ചിലവ്, സ്വന്തം ചിലവ് എന്നിവയ്ക്കിടയിലുള്ള വ്യത്യാസം സത്യസന്ധതയോടെ അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള മനസ്ഥിതിയും കൃത്യനിഷ്ടയും എല്ലാം എപ്പോഴും ജീവനക്കാര്‍ പ്രദര്‍ശിപ്പിച്ചു എന്ന് വരില്ല. വിഭവങ്ങളില്‍ ചോര്‍ച്ച സംഭവിക്കാതെ
സൂക്ഷിക്കേണ്ടത് ഭരണാധികാരിയുടെ ചുമതല ആണ്.
ശരാശരി
മനുഷ്യന്‍റെ സ്വഭാവവിശേഷങ്ങളും, തനിക്ക് പണം കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അത് ഉപയോഗിക്കാനുള്ള പ്രലോഭനത്തിന് അടിമയാവാനുള്ള അയാളുടെ മാനസികാവസ്ഥയും ഭരണാധികാരി ഇപ്പോഴും മനസ്സില്‍ കരുതണം.
രണ്ടാമതായി മത്സ്യം
സദാസര്‍വകാലവും വെള്ളത്തില്‍ ജീവിക്കുന്നു. അതുപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പലപ്പോഴും ഒരുപാടു കാലം അയാളുടെ ലാവണത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരേ സ്ഥലത്തും ഒരേ തസ്തികയിലും ഒരാളെ ദീര്‍ഘകാലം തുടരാന്‍ അനുവദിക്കാതെ അയാളെ സമയബന്ധിതമായി മാറ്റി ജോലി ചെയ്യിപ്പിക്കാനുള്ള ജാഗ്രത ഭരണാധികാരിക്ക് എന്നും ഉണ്ടാവണം.
ഒരു കൊച്ചു
ശ്ലോകത്തില്‍ രാജ്യ ഭരണത്തിന്‍റെയും അഴിമതിയുടെയും എല്ലാം അന്തഃസത്ത മുഴുവന്‍ വിവരിക്കുന്ന ചാണക്യന്‍റെ ധിഷണാ വൈഭവം ഏറെ പ്രശംസനീയവും അത്ഭുതാവഹവും അല്ലെ ?
ചാണക്യന്‍
രചിച്ച ഒന്നോ രണ്ടോ ശ്ലോകം പഠിക്കുന്നത്
പലപ്പോഴും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും നീണ്ട നാള്‍ ഗവേഷണവും പഠനവും എല്ലാം നടത്തുന്നതിനു തുല്യമായിരിക്കും.
No comments:
Post a Comment