pachai maamalai pol mene

Tuesday, September 15, 2026

കുഞ്ചന്‍നമ്പ്യാര്‍ / കുറ്റം കൂടാതുള്ള നരന്മാര്‍....



കുഞ്ചന്‍നമ്പ്യാര്‍ / കുറ്റം കൂടാതുള്ള നരന്മാര്‍....


കുറ്റം കൂടാതുള്ള നരന്മാര്‍
കുറയും ഭൂമിയിലെന്നുടെ താത!
ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍
ലക്ഷണമുള്ളവരൊന്നോ രണ്ടോ.
ഉടലതിരമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം.
മറ്റൊരു പുരുഷന്‍ സുന്ദരനെങ്കിലു-
മൊറ്റക്കണ്ണനതായതു ദോഷം
ചേര്‍ച്ചകള്‍ പലതുണ്ടൊരുവനു കിഞ്ചില്‍
പൂച്ചക്കണ്ണുണ്ടെന്നൊരു ദോഷം
കാഴ്ചക്കാരു ചിരിച്ചു തുടങ്ങും
ചേര്‍ച്ചക്കവനും ചിതമല്ലല്ലോ
നല്ലൊരു വിദ്വാനവനുടെ വായില്‍
പല്ലുകളൊന്നും കാണ്മാനില്ല
പല ഗുണമുെള്ളാരു പുരുഷനവന്റെ
തലമുടിയൊക്കെ നരച്ചു വെളുത്തു
തിലകക്കുറിയും ചൊടിയും കൊള്ളാം
തലയിലവന്നൊരു രോമവുമില്ല.
ശാസ്ത്രമശേഷം വശമൊരു പുരുഷനു
ഗാത്രം കണ്ടാലയ്യോ വികൃതം.
ശ്രോത്രം രണ്ടും വെടി വച്ചാലണു-
മാത്രം പോലും കേള്‍പ്പാന്‍ വഹിയാ.
വ്യാകരണങ്ങടെ വ്യാഖ്യാനങ്ങളു-
മാകെത്തന്നെ മുഖസ്ഥമൊരുത്തനു
വാക്കിനു ഫലിതവുമുണ്ടവനല്‍പ്പം
കാക്കക്കണ്ണുണ്ടെന്നൊരു ദോഷം.
തര്‍ക്കം പലതും കണ്ടവനൊരുവനു
വര്‍ക്കത്തില്ല ശരീരം കണ്ടാല്‍
മിക്കതുമൊരുവനു ലക്ഷം ശ്ലോകമൊ-
രിക്കല്‍ കേട്ടാലങ്ങു ഗ്രഹിക്കാം
വിക്കുകള്‍ കൊണ്ടതു പറവാന്‍ വഹിയാ
സത്കഥ വളരെയറിഞ്ഞൊരു ദേഹം
ക ക ക ക കംസന്‍ കി കി കി കി കൃഷ്ണന്‍
പു പു പു പു പൂതനയെന്നാം കഥയില്‍.
നല്ലൊരു ജാതിയില്‍ വന്നു പിറന്നു
നല്ലൊരു രൂപ ഗുണങ്ങളുമുണ്ട്
ഹരിയെന്നാദിയൊരക്ഷരമവനുടെ-
യരികേ കൂടെ പോയിട്ടില്ല.
പ്രൌഢതയെല്ലാം കണ്ടാല്‍ തോന്നും
മൂഢതയല്ലാതവനറിവില്ല
ഗണിതഗ്രന്ഥം വൈദ്യവുമുണ്ടതി
ഗുണവാനെന്നു പ്രസിദ്ധന്‍ താനും
ലോകതയെന്നതു കണികാണ്മാനി-
ല്ലേകനു ദോഷമതേവമസംഖ്യം.
കണ്ടാല്‍ നല്ലൊരു പുരുഷനവന്നു
വേണ്ടാതനവും കോപവുമേറും
കണ്ട ജനത്തൊടു ശുണ്ഠി കടിച്ചും
രണ്ടാം വാക്കിനു കേറിയടിച്ചും
മീശക്കൊമ്പും ലന്തക്കുഴലും
ദേശത്തേക്കൊരു മുമ്പും വമ്പും
ഊശാന്താടിയുമുള്ളവനങ്ങൊരു
കാശിനു പിടിയാ പടയില്‍ ചെന്നാല്‍.
(രുക്മിണീ സ്വയംവരത്തില്‍ നിന്ന്.)
--------------------------------------------

No comments:

Post a Comment